(രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് )
രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള അവധിക്കാല പ്രവർത്തനങ്ങളാണിത്. വീട്ടിലുള്ള മുതിർന്നവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്യേണ്ടത്.
അവധിക്കാലപ്രവർത്തനങ്ങൾ ചെയ്യുന്നതിനായി ഒരു പഴയ നോട്ടുബുക്ക് ക്രമീകരിക്കുമല്ലോ. ചെയ്തിരിക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ പരിശോധിക്കുകയും ഉചിതമായ നിർദ്ദേശങ്ങൾ നൽകുകയും വേണം.
പ്രവർത്തനം 01
കഥകൾ ശേഖരിക്കാം
കൂട്ടുകാർക്ക് കുഞ്ഞുകഥകൾ ഇഷ്ടമല്ലേ? വീട്ടിൽ ലഭ്യമായ കഥപുസ്തകങ്ങളിൽനിന്നും കഥകൾ ശേഖരിച്ച് ബുക്കിൽ എഴുതി “എന്റെ കഥപുസ്തകം നിർമ്മിക്കാം.” ഈ പ്രവർത്തനങ്ങളുടെ അവസാനം ഉൾപ്പെടുത്തിയിരിക്കുന്ന കഥകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
പ്രവർത്തനം 02
പാചകം പഠിക്കാം
ഏത് വിഭവമാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടം ? അത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പഠിച്ചാലോ ? അമ്മയോട് ചോദിക്കാം. പാചകരീതി പഠിക്കാം
പ്രവർത്തനം 03
വിലവിവരപ്പട്ടിക തയ്യാറാക്കാം
വീട്ടിലേയ്ക്ക് ദിവസവും വാങ്ങുന്ന സാധനങ്ങളുടെ വിലകൾ ഉപയോഗിച്ച് ഒരു വിലവിവരപ്പട്ടിക തയ്യാറാക്കാം. അമ്മയുടെ സഹായം തേടുമല്ലോ…
പ്രവർത്തനം 04
കഥ എഴുതാം
നിങ്ങൾ ഒരു ദിവസം രാവിലെ മുതൽ ചെയ്യുന്ന കാര്യങ്ങളെല്ലാം ഒരു പേപ്പറിൽ എഴുതാം. ഇത് രസകരമായൊരു കഥയാക്കിമാറ്റിയാലോ?
നിങ്ങളുടെ പ്രവർത്തനബുക്കിൽ എഴുതുകയും വേണം.
പ്രവർത്തനം 05
വരയ്ക്കാം എഴുതാം
നിങ്ങൾ ഏതെല്ലാം വാഹനങ്ങൾ കണ്ടിട്ടുണ്ട് ? ഏറ്റവും ഇഷ്ടപ്പെട്ട വാഹനത്തിന്റെ ചിത്രം വരച്ചാലോ ? അനുയോജ്യമായ നിറവും നൽകണം. നിങ്ങൾ കണ്ടിട്ടുള്ള വാഹനങ്ങളുടെ പ്രത്യേകതകൾ അഞ്ച് വരിയിൽ എഴുതുമോ? ( ഓരോ വാഹനത്തെക്കുറിച്ചും അഞ്ചു വരി വീതം എഴുതുവാൻ ശ്രമിക്കുക.)
പ്രവർത്തനം 06
ചെടി നടാം
തൊടിയിൽ ഒരു ചെടി നട്ടാലോ ? എല്ലാ ദിവസവും നിരീക്ഷിക്കണം. ഓരോ ദിവസവും കാണുന്ന മാറ്റങ്ങൾ പ്രവർത്തനബുക്കിൽ രേഖപ്പെടുത്താം.
പ്രവർത്തനം 07
കടങ്കഥ മത്സരം
പഠിച്ച കടങ്കഥകൾ ഒക്കെ ഓർമ്മിക്കുന്നുണ്ടോ? ഓർമ്മിക്കുന്നവ പ്രവർത്തനബുക്കിൽ എഴുതാം. പുതിയ കടങ്കഥകൾ ശേഖരിക്കുകയും ചെയ്യണം. ഇനി അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി എന്നിവരെ ഉൾപ്പെടുത്തി ഒരു കടങ്കഥ മത്സരം കൂടി നടത്തിയാലോ?
പ്രവർത്തനം 08
കണ്ടെത്തിയെഴുതാം
A- യിൽ തുടങ്ങുന്ന അഞ്ച് വാക്കുകൾ, B- യിൽ തുടങ്ങുന്ന അഞ്ച് വാക്കുകൾ, A മുതൽ Z വരെ എന്ന രീതിയിൽ ഓരോ ദിവസവും തുടർച്ചയായി അഞ്ച് വാക്കുകൾ വീതം കണ്ടെത്തി എഴുതാം.
(5 വാക്കുകൾ ലഭിക്കുന്നില്ല എങ്കിൽ പരമാവധി വാക്കുകൾ ശേഖരിക്കുക)
എഴുതിയ പുതിയ വാക്കുകൾ മാതാപിതാക്കളുടെ സഹായത്തോടെ വായിക്കുവാൻ പഠിച്ചാലോ. വാക്കുകൾ കണ്ടെത്തുന്നതിന് നിങ്ങളുടെ പാഠപുസ്തകങ്ങളോ മറ്റുപുസ്തകങ്ങളോ ഉപയോഗിക്കാം.
പ്രവർത്തനം 09
സങ്കലനപ്പട്ടികകൾ, ഗുണനപ്പട്ടികകൾ ഒക്കെ ഓർമ്മിക്കുന്നുണ്ടോ? സങ്കലനപ്പട്ടികകളും ഗുണനപ്പട്ടികകളും നമുക്ക് വൃത്തിയായി പല നിറങ്ങളിൽ എഴുതാം. (ചെറുതായി എഴുതിയാൽ മതിയാവും.) എഴുതുന്നവ മുതിർന്നവരുടെ സഹായത്തോടെ ആകർഷകമായ രീതിയിൽ ഒരു പഴയ കലണ്ടറിൽ ഒട്ടിക്കാം. ഇത് കാണാവുന്നതുപോലെ മുറിയിൽ തൂക്കിയിടുകയും ചെയ്യാം.
പ്രവർത്തനം 10
കത്ത് എഴുതാം
ജാൻസിയെയും ജോബിയെയും ഓർമ്മിക്കുന്നില്ലേ? നിങ്ങൾ പാലിക്കുന്ന ആഹാരശീലങ്ങൾ വിവരിച്ചുകൊണ്ട് അവർക്ക് ഒരു കത്ത് എഴുതുക.കുട്ടികൾക്ക് വായിക്കുന്നതിന് മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഉള്ള ചിത്രകഥകൾ താഴെ ഉള്ളടക്കംചെയ്യുന്നു. നാല് ലെവലുകളായിട്ടായിരിക്കും കഥകൾ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ താത്പര്യവും നിലവാരമനുസരിച്ച് കഥകൾ തിരിഞ്ഞെടുക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ
കഥകൾ കേൾക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുഞ്ഞിക്കഥകൾ
(1 ) ഏത് ഭാഷയിൽ കഥ വേണമെന്ന് തിരഞ്ഞെത്തെടുക്കുക
(2 ) ഏത് ലെവലിൽ ഉള്ള കഥവേണമെന്ന് തിരഞ്ഞെടുക്കുക