KITE – VICTERS – STD – 4 (Malayalam – 31)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) കുറിപ്പെഴുതാം.
വള്ളംകളി
കേരളത്തിലെ ഒരു ജല വിനോദമാണ് വള്ളംകളി. കുട്ടനാടൻ പ്രദേശങ്ങളിലാണ് ഇത് നടക്കുന്നത്. ഓണത്തിനും മറ്റു വിശേഷാവസരങ്ങളിലുമാണ് വള്ളംകളി നടത്തുന്നത്. ഒരു സംഘമാളുകൾ താളത്തിൽ പാട്ടുകൾ പാടി ആവേശത്തോടെ തുഴഞ്ഞു മുന്നേറുന്നു. തിരുവിതാംകൂറിലെചെമ്പകശ്ശേരി വടക്കുംകൂർ, തെക്കുംകൂർ എന്നീ നാട്ടു രാജ്യങ്ങളിലെ രാജാക്കന്മാർ വള്ളപ്പട എന്നറിയപ്പെട്ടിരുന്ന നാവികസൈന്യം വിനോദത്തിനായി വള്ളംകളി നടത്തിയിരുന്നു. ഇന്ന് വള്ളംകളി മത്സരമായും നടത്തുന്നു. വഞ്ചിപ്പാട്ട് എന്ന ഗാന ശാഖ തന്നെ ഇതിന്റെ ഫലമായുണ്ട്.
വള്ളംകളി – തത്സമയ വിവരണം
പുന്നമടക്കായലിലെ കൊച്ചോളങ്ങളെ പുളകച്ചാർത്തണിയിച്ച് ഞാൻ മുമ്പേ ഞാൻ മുമ്പേ എന്ന് വിളിച്ചറിയിച്ച് ജലരാജാക്കന്മാർ ഫിനിഷിംഗ്‌പോയിന്റിലേക്ക് കുതിക്കുകയാണ്. ആയിരമായിരം കാണികളും മുഴങ്ങുന്ന തെയ്തെയ്തക തെയ് തെയ് തോം എന്ന വായ്ത്താരികളും അന്തരീക്ഷം മുഖരിതമാക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം .ആരാണ് മുന്നിലെത്തുക കാവാലം ചുണ്ടനോ… അതോ പാർത്ഥസാരഥിയോ… ഒന്നും പ്രവചിക്കാനാവുന്നില്ല. ഇതാ കാരിച്ചാൽ ചുണ്ടൻ കാവാലം ചുണ്ടനെയും പാർത്ഥസാരഥിയെയും പിന്തള്ളി അല്പം മുന്നേറിക്കഴിഞ്ഞു. കാരിച്ചാൽ ചുണ്ടനിലെ തുഴക്കാർ വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ വിജയം തങ്ങൾക്കാണ് എന്നു പ്രഖ്യാപിച്ച് നടുഭാഗo ചുണ്ടൻ പാഞ്ഞടുക്കുന്നു. മറ്റു വള്ളങ്ങളെ പിന്തള്ളി അവർ മുന്നേറ്റത്തിനു തയ്യാറാവുകയാണ്. ഓരോ തുഴയെറിച്ചിലിലും ആവേശത്തിന്റെ പൂത്തിരി കത്തിച്ച് ചീറിപ്പായുന്ന വള്ളങ്ങളോടൊപ്പം ആർപ്പുവിളികൾ കൊണ്ട് ഇരു കരകളും ഇളകിമറിയുന്നു. തിത്തിത്താര തിത്തിതെയ്
തിത്തൈ തക തെയ് തെയ് തോം
അതാ നടുഭാഗം ചുണ്ടൻ വിജയം ഉറപ്പിച്ചിരിക്കുന്നു.