KITE – VICTERS – STD – 4 (Malayalam – 21)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
പത്തായം – തുടരുന്നു.
1. പല തരം കാർഷിക ഉപകരണങ്ങൾ പരിചയപ്പെട്ടല്ലോ.നില മുഴുന്ന കലപ്പയും വെള്ളം കോരിയിരുന്ന തേക്കുകൊട്ടയും കണ്ടുമുട്ടിയാൽ എന്തൊക്കെ സംസാരിക്കും?
കലപ്പ – എന്താ ചങ്ങാതി വിഷമിച്ചിരിക്കുന്നത്?
തേക്കു കൊട്ട – ഓ… എൻ്റെ ഇപ്പോഴത്തെ അവസ്ഥയോർത്തിട്ടാ …
കലപ്പ–എന്തു പറ്റി ചങ്ങാതീ…
തേക്കു കൊട്ട – എന്നെ ആരുമിപ്പോൾ തിരിഞ്ഞു നോക്കുന്ന പോലുമില്ല.
കലപ്പ – എൻ്റെ കാര്യവും അതു തന്നെ. പണ്ടൊക്കെ എത്ര വയലുകളാണ് ദിവസവും ഉഴു തുമറിച്ചിരുന്നത്! എന്തൊരു തിരക്കായിരുന്നു!ങാ.. ഇനി അതൊന്നും ഓർത്തിട്ട് ഒരു കാര്യവുമില്ല.നമുക്കു പകരം ഇപ്പോൾ പുതിയ യന്ത്രങ്ങൾ വന്നില്ലേ?
തേക്കു കൊട്ട – പാടത്തേയ്ക്ക് എന്തുമാത്രം വെള്ളമെത്തിച്ചതാ ഞാൻ. മോട്ടോർ വന്നതോടെ എന്നെ അർക്കും വേണ്ടാതായി.
കലപ്പ – ട്രാക്ടർ വന്നതോടെ എൻ്റെ സ്ഥിതിയും അതു തന്നെ.
തേക്കു കൊട്ട – ഇനി നമ്മളെ ആരെങ്കിലും ഓർമ്മിക്കുമോ?
കലപ്പ – അതെങ്ങനെ ഇപ്പോൾ നെൽകൃഷി പോലും ഇല്ലാതായിരിക്കുന്നു. അപ്പോൾ പിന്നെ ആര് നമ്മെ ഓർക്കാൻ’
തേക്കു കൊട്ട – മനുഷ്യൻ വയലുകളെല്ലാം നികത്തി കെട്ടിടങ്ങൾ ഉണ്ടാക്കുകയല്ലേ എല്ലാവരും കൃഷിയെ മറന്നിരിക്കുന്നു.
കലപ്പ – മനുഷ്യൻ അവൻ്റെ പ്രവൃത്തികളുടെ ദോഷഫലങ്ങൾ അനുഭവിക്കുന്ന കാലം വിദൂരമല്ല.
തേക്കു കൊട്ട – അതേയതെ… ആവർത്തിച്ചു വരുന്ന പ്രകൃതിദുരന്തങ്ങൾ അതിൻ്റെ സൂചന തന്നെയാണ്
കലപ്പ – കൃഷിയെ ബഹുമാനിക്കുന്ന ഒരു പുതിയ തലമുറയെങ്കിലും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
2. പത്തായം തന്നെ ആത്മകഥയെഴുതിയാൽ എങ്ങനെയിരിക്കും?
വർഷങ്ങൾക്കു മുൻപ് പ്ലാവിൻ തടികൊണ്ട് മിടുക്കന്മാരായ ആശാരിമാരാണ് എന്നെ നിർമ്മിച്ചത്.അന്നത്തെക്കാലത്ത് എല്ലാ വീടുകളിലും എനിക്ക് വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. ആഹാരത്തിനുള്ള നെല്ലും കൃഷിക്കുള്ള വിത്തും സൂക്ഷിക്കാനാണ് എന്നെ ഉപയോഗിച്ചിരുന്നത്. കാരണവന്മാർ അവരുടെ സമ്പാദ്യങ്ങളും വില പിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും സൂക്ഷിക്കാൻ എന്നെയാണ് ആ ശ്രയിച്ചിരുന്നത്. ചിലരുടെ സുഖനിദ്ര പോലും എൻ്റെ മുകളിലായിരുന്നു. വിളവെടുപ്പുകാലമായാൽ എൻ്റെ വയറു നിറയും. അത് എനിക്കെന്തു സന്തോഷമായിരുന്നന്നോ?എന്നെപ്പറ്റി വീട്ടിലെ കാരണവന്മാർക്ക് പ്രത്യേക ഒരു ശ്രദ്ധയുണ്ടായിരുന്നു.
ഇന്നത്തെ എൻ്റെ അവസ്ഥ പരമ ദയനീയമാണ് ഒരു പിടി വിത്തുകണ്ടിട്ട് കാലമേറെയായി. നല്ല തടികൊണ്ട് നിർമ്മിച്ചതായതിനാൽ ഇന്നും കേടുകൂടാതെ ഞാൻ നിലനിൽക്കുന്നു. പാറ്റയും എലിയും വീട്ടിലെ ചില ഉപയോഗശൂന്യമായ വസ്തുക്കളുമാണ് ഇപ്പോൾ എൻ്റെ കൂട്ടുകാർ. ഞാനിനി എത്ര കാലമുണ്ടാകും എന്നറിയില്ല. ഈ വീട്ടിലെ അമ്മ ഞാൻ മൂലമുണ്ടാകുന്ന സ്ഥലനഷ്ടത്തെപ്പറ്റി എപ്പോഴും പരാതി പറയുന്നതു കേൾക്കാം. സ്ഥലം മുടക്കിക്കിടക്കുന്ന എന്നെ പ്പൊളിച്ച് അലമാരിയുണ്ടാക്കാനും ആലോചിക്കുന്നുണ്ട്. എന്തായാലും എൻ്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഞാനില്ലാതാകും വരെ സുന്ദരമായ ഗതകാലസ്മരണകളുമായി ജീവിച്ചോട്ടെ…